പാലക്കാട്: മൂന്നു കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളികളായ ദന്പതികളെ റെയിൽവേ പോലീസ് പിടികൂടി.
ബിഹാർ സ്വദേശികളായ സബീന (37), ഭർത്താവ് ഷംസർ അലി (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരള റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ട്രോളി ബാഗുമായി ധൻബാദ് എക്സ്പ്രസിന്റെ റിസർവേഷൻ കന്പാർട്ട്മെന്റിൽനിന്ന് ഇറങ്ങിയ സബീന പോലീസിനെ കണ്ടു രക്ഷപ്പെടാനൊരുങ്ങവേ പിടിയിലാവുകയായിരുന്നു.
സബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഭർത്താവ് ഷംസർ അലിക്ക് പങ്കുണ്ടെന്നു കണ്ടെത്തി. താൻ ബിഹാറിൽനിന്ന് എത്തിക്കുന്ന കഞ്ചാവ് ഭർത്താവ് എറണാകുളം റെയിൽവേ സ്റ്റേഷനടുത്ത് ഇതരസംസ്ഥാന ടോഴിലാളികൾക്ക് കച്ചവടം ചെയ്യുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എറണാകുളത്തെത്തിയ സംഘം സൗത്ത് റെയിൽവേ സ്റ്റേഷനടുത്തു വച്ച് ഷംസർ അലിയെ പിടികൂടി. പത്തു വർഷത്തോളമായി കേരളത്തിലുള്ള ദന്പതികൾ എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ കടത്ത് തടയുന്നതിനായി പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയതായി റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ കെ.ജെ. പ്രവീണ്‍ അറിയിച്ചു.